"ട്രസ്റ്റിലെ ആരെങ്കിലും ഒരാൾ അനുകൂലിച്ചിരുന്നെങ്കിൽ തിരുവാഭരണം കൊടുത്തയക്കാമായിരുന്നു " " ഈ ട്രസ്റ്റന്ന് പറഞ്ഞാൽ ആരൊക്കെയാണ്?" "ഞാനും അപ്ഭനും അപ്ഭൻ്റെ പെങ്ങൾ സുഭദ്രയും " ആറാം തമ്പുരാൻ എന്ന സിനിമ ടിവിയിൽ ഓടിക്കൊണ്ടിരിക്കുമ്പം ഈ ഡയലോഗ് കേട്ടതോടെ വട്ടാരം കുന്ന് വീണ്ടും മനസ്സിലേക്ക് എത്തി. ഇവിടെ ട്രസ്റ്റല്ല, പാർട്ടി കമ്മിറ്റിയാണ്. ഈ കഥയിലും താരം ഡഗ്ലസ്സാണ്.
കൊടുവൻ പാറ പഞ്ചായത്തിലെ ഒരു വാർഡാണ് ഞങ്ങടെ വട്ടാരംകുന്ന്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. മുന്നണിയിലെ ഓരോ ഘടകകക്ഷികളും ഘടകകക്ഷികളിലെ ഓരോ വ്യക്തികളും മഴയത്ത് പാർട്ടി ഓഫീസിൻ്റെ തിണ്ണയിൽ കയറി നിന്നവരും വരെ സീറ്റും ചോദിച്ചു രംഗത്ത് വരുന്ന കാലമാണല്ലോ ഓരോ ഇലക്ഷനും.
ഇലക്ഷൻ കമ്മീഷൻ ജനസംഖ്യാ ആനുപാതികമായി വട്ടാരംകുന്നിനെ രണ്ട് വാർഡായി വിഭജിച്ചു. വട്ടാരംകുന്ന് വെസ്റ്റ്, വട്ടാരംകുന്ന് ഈസ്റ്റ്. അതു വരെ വട്ടാരം കുന്ന് വലതുപക്ഷ ജനാധിപത്യ സഖ്യം (യു ഡി എ) ൻ്റെ കുത്തകയായിരുന്നു, പ്രത്യേകിച്ച് കേരളാ കോഗ്രസ് പാർട്ടി (കേ സി പി)യുടെ.! വട്ടാരം കുന്ന് വെസ്റ്റ് നിലവിൽ വന്നതോടെ ഇടതുപക്ഷ ജനാധിപത്യ സഖ്യ (എൽ ഡി എ)ത്തിന് പുതുജീവൻ വന്നു. കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള ( സി എസ് പി [കെ ] ) യുടെ വോട്ട് ബാങ്കാണ് വട്ടാരം കുന്ന് വെസ്റ്റ്. വിജയ പ്രതീക്ഷയിൽ പ്രചരണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി LDA സ്ഥാനാനാർത്ഥി ആയി CSP (K) യുടെ താത്വികാചാര്യനായ വെറ്റിലക്കാട് സുശീലൻ സഖാവിനെ പലവിധ എതിർപ്പുകളോടെ അംഗീകരിച്ചു.
എല്ലാ ഇലക്ഷനും സമുദായങ്ങളുടെ വോട്ട് ഒരു പെരിയ പ്രച്ചനയാണ്. ഇവിടെയും ഉണ്ടായി ആ പ്രശ്നം. LDA യുടെ സഖ്യകക്ഷിയായ കേരള റവല്യൂഷനറി പാർട്ടി (KRP) യുടെ നേതാവും വട്ടാരംകുന്നിലെ പ്രമുഖ സമുദായംഗവുമായ കിഴക്കേവിള ക്ളീറ്റസ് തൻ്റെ സമുദായത്തിൻ്റെ വാർഡിലുള്ള ശക്തി ഊന്നിപ്പറഞ്ഞ് സീറ്റ് ആവശ്യപ്പെട്ടു. ആവശ്യം നിഷ്ക്കരുണം തള്ളി. ക്ളീറ്റസ് സ്വന്തം പാർട്ടി ചിഹ്നത്തിൽ സ്വതന്ത്രനായി മൽസരിക്കാൻ തീരുമാനിച്ചു.
പ്രചരണം ആരംഭിച്ചു. ഡഗ്ലസ് സുശീലൻ സഖാവിൻ്റെ പ്രചരണത്തിൻ്റെ നെടുംതൂൺ ആയി പ്രവർത്തിച്ചു വരവെ, തൻ്റെ ബ്രാഞ്ചായ CSP (K) വട്ടാരം കുന്ന് പള്ളി ബ്രാഞ്ച് കമ്മറ്റി അംഗം മോനച്ചൻ ക്ളീറ്റസിൻ്റെ പ്രചരണ പരിപാടികളിൽ സജീവമാണന്ന് മനസ്സിലാക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം. ഡഗ്ലസ്സിൻ്റെ ഉള്ളിലെ പാർട്ടി അനുഭാവി ക്ഷോഭത്താൽ വിറകൊണ്ടു. അടിയന്തരമായി ഇന്ന് തന്നെ വട്ടാരം കുന്ന് പള്ളി ബ്രാഞ്ച് കമ്മിറ്റി വിളിച്ച് ചേർത്ത് മോനച്ചനെ പുറത്താക്കുമെന്ന് ബ്രാഞ്ച് സെക്രട്ടറി കൂടി ആയ ഡഗ്ലസ്സ് പ്രഖ്യാപിച്ചു. എല്ലാ അംഗങ്ങൾക്കും സന്ദേശം അയക്കപ്പെട്ടു.
തൊട്ടടുത്ത ദിവസം രാവിലെ ഇലക്ഷൻ പ്രചരണം ആരംഭിക്കാനായി ഞങ്ങൾ കുറേ പേർ ഇലക്ഷൻ കമ്മിറ്റി ഓഫീസിലെത്തി. ഡഗ്ലസ്സ് അവിടെ ഉണ്ടായിരുന്നു. ആകാംക്ഷയോടെ ഞങ്ങൾ കാര്യം തിരക്കി "ഡക്ലച്ചാ എന്തായി കാര്യം? മോനച്ചനെ പുറത്താക്കിയോ?" ഡഗ്ലസ്സിൻ്റെ മറുപടിയിൽ ശോകം നിറഞ്ഞു "അവൻമാർ എന്നെ പുറത്താക്കി " എല്ലാവരും ഞെട്ടി "അതെങ്ങനെ?" വട്ടാരംകുന്ന് പള്ളി ബ്രാഞ്ചിൽ ഞങ്ങൾ ഏഴ് പേരാ മെമ്പർമാർ. അതിൽ ആറു പേരും മോനച്ചനും കുടുംബക്കാരുമാ. അവര് കുടുംബക്കാര് ചേർന്ന് എന്നെ പുറത്താക്കി....!"
ശുഭം
Comments
Post a Comment