നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് ഒരു കവി പാടിയത് ഒരു പരിധി വരെ ശരിയാണ്. നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യൻമാരും കൂടി ചേർന്നതാണ് നമ്മുടെ നാട്ടിൻ പുറങ്ങൾ. അത്തരം ഒരു നിഷ്കളങ്കൻ്റെ ഒരു ചോദ്യമാണ് ഈ കഥ.
വട്ടാരംകുന്ന് ....! ഒരു മൂന്ന് നാല് സിനിമക്ക് വേണ്ട കഥയും കഥാപാത്രങ്ങളും ഉണ്ട് എൻ്റെ ഈ നാട്ടിൽ..! എല്ലാത്തരം മനുഷ്യരെയും വട്ടാരം കുന്നിൽ നോക്കിയാൽ കാണാം. 2000 ൻ്റെ തുടക്ക കാലം. അന്നൊക്കെ ഒട്ടുമിക്ക സ്ഥലങ്ങളിലും കൊച്ചു ക്ലബുകളും അതിനെ ചുറ്റിപ്പറ്റി കൊച്ചു കലാസംഘങ്ങളും ഉണ്ടായിരുന്നു. അങ്ങിനെ ഒന്ന് എൻ്റെ നാട്ടിലും ഉണ്ടായിരുന്നു. അന്നാട്ടിലെ നാനാജാതി മതസ്ഥരായ ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയായ വട്ടാരംകുന്ന് ആർട്ട്സ് & സ്പോർട്ട്സ് ക്ലബും അതിന് ഒരു കരോക്കേ ഗാനമേള ട്രൂപ്പും. വട്ടാരം കുന്നിലെയും പരിസര പ്രദേശങ്ങളിലേയും ഓണം, ക്രിസ്തുമസ്, ഉൽസവം തുടങ്ങിയ എല്ലാ മേഖലകളിലെ ആഘോഷങ്ങളിലും ക്ലബിൻ്റെ കരോക്കേ ഗാനമേള ഉണ്ടായിരുന്നു.
ആ കാലഘട്ടത്തിലാണ് ദിലീപിൻ്റെ കല്യാണരാമൻ റിലീസാകുന്നത്. ആ സിനിമയിലെ "യാ ദേവീ സർവ്വ ഭൂതേഷു.. " എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായിരുന്നു. ഞങ്ങടെ ക്ലബ് ആ ഗാനത്തെ പിന്നീടുള്ള എല്ലാ ഗാനമേളകളിലും ഉൾപ്പെടുത്തി.
അങ്ങനെയിരിക്കെ വട്ടാരംകുന്ന് ഗീവർഗീസ് പുണ്യാളൻ്റെ പള്ളിയിൽ പെരുന്നാൾ വന്നു. അതിലെ കാര്യപരിപാടിയിൽ ക്ലബിൻ്റെ ഗാനമേളയും സ്ഥാനം പിടിച്ചു. വൈകുന്നേരങ്ങളിൽ റിഹേഴ്സലും ആരംഭിച്ചു. ഇനിയാണ് ആ നിഷ്കളങ്കമായ ചോദ്യത്തിന് ആധാരമായ സംഭവം നടക്കുന്നത്. പള്ളിപ്പരിപാടി ആയത് കൊണ്ട് "യാ ദേവീ... " എന്ന ഗാനം ഒഴിവാക്കാം എന്ന തീരുമാനം ഏകകണ്Oമായി പാസ്സക്കണമെന്ന് ക്ലബിൻ്റെ ഉപഞ്ജാതാവും അധിപനും ആയ രതീഷണ്ണൻ പ്രഖ്യാപിച്ചു. എതിർപ്പുമായി കുന്നിൻപൊയ്കയിലെ ആൻറണിച്ചായൻ്റെ മൂത്ത പുത്രനും ക്ലബിൻ്റെ കർട്ടൻ ഓപ്പറേറ്ററുമായ ഡഗ്ലസ്സ് രംഗത്ത് വന്നു. എതിർത്തന്ന് മാത്രമല്ല ആ പാട്ട് തന്നെ ആദ്യം പാടണമെന്ന ആവശ്യവും മുന്നോട്ട് വച്ചു. ചായക്കടയിൽ പോയി വിത്തൗട്ട് ചായ പറഞ്ഞിട്ട് കിട്ടിയ ചായയിൽ മധുരമില്ലന്ന് പറഞ്ഞ് ചായക്കടക്കാരനെ തെറി പറഞ്ഞപ്പോൾ മുഖത്തേക്ക് കിട്ടിയ ചൂടു വെള്ളം ഏറ്റുവാങ്ങി ഓടിത്തള്ളിയ മരത്തലയൻ ആണ് ഡഗ്ലസ്സ്. അവൻ്റെ ആവശ്യത്തിൽ ഒരു കാര്യവുമില്ലങ്കിലും രംഗം ശാന്തമാക്കാൻ അധിപൻ രതീഷണ്ണൻ ഉപദേശവും അനുനയവുമായി മുന്നോട്ട് വന്നു. " ഡക്ലച്ചാ... നീ പള്ളീക്കാരനൊക്കെയാണ്..! നിൻ്റെ വാക്കിന് വിലയുമുണ്ട്. എന്നാലും ആ പാട്ടിൻ്റെ തുടക്കമൊരു ഹിന്ദു കീർത്തനമല്ലേ...? അതൊക്കെ എങ്ങനെയാ പള്ളിയിൽ? അതും ആദ്യ ഗാനമായിട്ട്..?" മറുപടി ആയി ഡഗ്ലസ്സ് പറഞ്ഞത് എല്ലാവരെയും ആഴത്തിൽ ചിന്തിപ്പിക്കുന്നതായിരുന്നു. " അണ്ണാ... അതൊരു ഹിന്ദു പാട്ടല്ല.. ക്രിസ്ത്യൻ പാട്ടാണ്..! യാ ദേവീ സർവ്വ ഭൂതേശു...! ആ ഭൂതേശുവിൽ യേശുവല്ലേ ഉള്ളത്..."
Comments
Post a Comment